2021പുസ്തകം 1സ്മാരക ശിലകൾ
2021
പുസ്തകം 1
സ്മാരക ശിലകൾ
-പുനത്തിൽ കുഞ്ഞബ്ദുള്ള
ഒരു രോഗം ആകെ ശോകമൂകമാക്കിയ അന്തരീക്ഷത്തിൽ ഒരു ഡോക്ടർ എഴുതിയ നോവൽവായിച്ചു കാെണ്ട് പുതുവർഷം തുടങ്ങുന്നു. ശരിക്കും തുടക്കം ആയിരിന്നില്ല ഒടുക്കം ആയിരുന്നു ഉദ്ദേശിച്ചത്. 2019 അവസാന ദിവസമാണ് സ്മാരക ശിലകൾ വായിക്കാനെടുത്തത്. ഫോൺ വായനയ്ക്കുമേൽ പിടിമുറുക്കിയപ്പോൾ അന്നത്തെ വായന അധികം നീണ്ടില്ല. 2021 ലെ ആദ്യ പുസ്തകം എന്ന് അടയാളപ്പെടുത്താം ഇനി സ്മാരക ശിലകളെ.
പ്രതീക്ഷിച്ച പോലെ ഒരു വർണാഭമായ തുടക്കം ഒന്നും അല്ല 2021നും. പുസ്തകം ജീവിതത്തിൽ നിന്നും മാറ്റിനിർത്താനാകാത്തതുകാെണ്ട് വായനാക്കുറിപ്പ് ആ ദിവസങ്ങളിലെ ജീവിതത്തിന്റെ ചിത്രം കൂടി ആകുന്നു.
വായിച്ചുകാെണ്ടിരിക്കുമ്പോൾ ഉറപ്പിച്ചതാണ് ഒരുതവണ കൂടി ആകെ ഒന്ന് വായിക്കണം. അതുകഴിഞ്ഞ് മതി എഴുത്ത്. അവസാന വാക്കും വായിച്ചുകഴിഞ്ഞപ്പോൾ ആ ചിന്ത വിട്ടു. ഞാൻ സ്മാരക ശിലകൾ വായിച്ചിരിക്കുന്നു. സ്കൂളിൽ ഏതോ പാഠഭാഗത്തിന്റെ തുടർ പ്രക്രിയ എന്നവണ്ണം അധ്യാപകൻ പറഞ്ഞുതന്ന ചില കാര്യങ്ങൾ ആദ്യ വായനയെ തന്നെ പുനർവായനയാക്കി. ഇതിഹാസങ്ങൾ അങ്ങനെയാണ് എന്നാണല്ലാേ ആരോ പറഞ്ഞിട്ടുള്ളത്. ആദ്യമായി ഈ നോവൽ വായിക്കുകയാണെന്ന് തോന്നിയില്ല... ഓരോ കഥാ സന്ദർഭങ്ങളിലൂടെയും മുൻപ് കടന്നുപോയിട്ടുള്ളതുപോലെ, ഓരോ കഥാപാത്രങ്ങളേയും അറിയാവുന്നതുപോലെ. പുനത്തിൽ കുഞ്ഞബ്ദുള്ള... നിങ്ങൾ എന്താെരു മനുഷ്യനാണ്...
വായനയുടെ ഇടയിൽ ഓർത്തിരുന്നു ഈ നോവലിനെപ്പറ്റി ഞാൻ എഴുതുക കുറൈഷി പാത്തുവിന്റെ കഥ എന്ന നിലയിൽ ആകും എന്ന്. വായിച്ചുതീരുമ്പാേൾ അത്തരം ഒരു വാക്കു പറഞ്ഞ് നിർത്തുന്നില്ല. ഓരോ കഥാപാത്രങ്ങളേയും വേരുമുതൽ മുടിവരെ വരച്ചിടുന്നുണ്ട് കുഞ്ഞിക്ക. കഥാപാത്രമാക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട ഒരു ശരീരവും ഇല്ല ഈ കഥയിൽ. ഓരോരുത്തരും അസ്ഥിത്വമുള്ള ജീവിതങ്ങൾ...
കുഞ്ഞാലി, പുക്കുഞ്ഞി ബി, പട്ടാളം ഇബ്രായി... പൂക്കുഞ്ഞി ബി യെ മംഗലം ചെയ്ത ക്ഷയരോഗിയായ ആ ആൾവരെ
"നീ തിന്നിറ്റുണ്ടോ അരിമുറ്ക്ക്?"
"ഇല്ല"
"പൊണ്ണത്തി". വലിയ ജീവിതാനുഭവം നഷ്ടപ്പെടുത്തിയ ഒരു മനുഷ്യനെ നോക്കുമ്പാേലെ അവൻ കുറേനേരം അവളെ നോക്കി. എന്നിട്ടു പറഞ്ഞു: "നീ കരയണ്ട. ഞാൻ നാളെ കൊയിലാണ്ടിയിൽ നിന്നു വരുമ്പാെ, രണ്ടെണ്ണം കാെണ്ടുവരും." അല്പം നിർത്തിക്കാെണ്ടു പറഞ്ഞു: "ഒന്നു നിന്നക്ക്, ഒന്നെനിക്ക്".
ഒരാളെ അടയാളപ്പെടുത്താൻ ഒരു അധ്യായമോ കുറേ താളുകളാേ വേണ്ട കുഞ്ഞബ്ദുള്ളയ്ക്ക്. ഏതാനും വാക്കുകൾ, അതുതന്നെ ധാരാളം...
ഇനിയും വായിക്കണം സ്മാരകശിലകൾ. ഗ്രന്ഥശാലയിലെ പുസ്തമാണ്, തിരിച്ചുകാെടുക്കണം.. അതിനുമുൻപ് ഒരുവട്ടം കൂടി...
- ഹരികൃഷ്ണൻ ജി.ജി.
Comments
Post a Comment